Tuesday, August 7, 2018

മഴ വളരെ ശക്തമാണ്, അത് ആരുടേയും കുറ്റമല്ല.  അതിന്റെ പേരിൽ ഒരു ഭരണകൂടത്തെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.  പിന്നെ മഴയുടെ നാശനഷ്ടങ്ങളുടെ ആഘാതം കുറക്കാൻ അവർ വേണ്ടത് ചെയ്യുമെന്നു തന്നെ നമുക്ക് ആശിക്കാം.
        എന്നാൽ ഞാൻ ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കാര്യമാണ്. റോഡിൽ ഏതുസമയത്തും വെള്ളം കെട്ടിനിൽക്കുന്നുണ്ടാകും, ചിലപ്പോൾ മഴപെയ്യുന്നുണ്ടാകും മാറിയിട്ടുണ്ടാകും അപ്പോളും നമ്മൾ ഓടിക്കുന്ന വാഹനത്തിന്റെ ചില്ലുകൾ കയറ്റിവെച്ചു ആ വെള്ളത്തിലൂടെ നമുക്കെത്തേണ്ടിടത്തേക്കു ദൃതിയിൽ പോകുമ്പോൾ വഴിവക്കിൽ പോകുന്ന കാൽ നടക്കാരെ മറന്നു പോകരുത്.
സ്കൂളിൽ പോകുന്ന ഒരു പാവപ്പെട്ട കുട്ടിയുടെ മുഖത്തു ചെളി തെറുപ്പിച്ചിട്ടു കൊണ്ട് നമ്മൾ എങ്ങോട്ടാണ് പോകുന്നത്, സ്വന്തം കുട്ടിയെ നനയാതെ സ്കൂളിൽ ആക്കാനോ...?
വൃദ്ധരും രോഗികളും കുട്ടികളും സൈക്കിൾ യാത്രക്കാരും മറ്റു ഇരുചക്രവാഹനക്കാരും ഉൾപ്പെടെ ഒരുപാട് പേരും ആ മഴയും കൊണ്ട് എത്രയും വേഗം എത്തേണ്ടിടത് എത്തിപെടുവാൻ പോകുന്നവർ തന്നെയാണ്.  നമുക്ക് ഒരു ഷെൽട്ടർ ഉണ്ടെന്നെങ്കിലും കരുതാം അതുകൊണ്ട് തന്നെ നനഞ്ഞു പോകുന്നവരെ കയറ്റിവിടുന്നതും ഒരു സാമാന്യമരിയാദയുടെ ഭാഗമായിരിക്കും. മാന്യമായി മറ്റുള്ളവരെ കൂടി മനസ്സിലാക്കി നമ്മൾ വണ്ടി ഓടിക്കുമ്പോൾ അല്ലേ നമ്മൾ യഥാർത്ഥ ഡ്രൈവർ ആകുന്നത്. ഒപ്പം ട്രാഫിക് പോലീസ് പറയും പോലെ "മാന്യമായി വാഹനമോടിക്കൂ, മാന്യനെന്നു തെളിയിക്കൂ."
       കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറയാതെ വയ്യ.  വഴിയരികിൽ ചെറിയ കടകളുമൊക്കെയായി ജീവിതമാർഗം കഴിച്ചു കൂട്ടുന്ന ഒരുപാട് പേരുണ്ട്,  നമ്മൾ അല്പമൊന്നു വേഗത കുറച്ചാൽ ചെളിവെള്ളം അവരുടെ കടകളിലും അടിച്ചു കയറാതിരിക്കും. വെള്ളം വീണാൽ നശിച്ചു പോയേക്കാവുന്ന ഒരുപാട് സാധനങ്ങൾ ഉണ്ടാകും ഒരു പലചരക്കു കടയിൽ. ഓർക്കുക ഇതെല്ലാം ഓരോരുത്തരുടെയും ജീവിതമാര്ഗങ്ങളാണ്.
'ആരും ഒന്നും മനപ്പൂർവം ചെയ്യില്ല പക്ഷെ അല്പം ശ്രദ്ധിച്ചാൽ മറ്റൊരാൾ നിങ്ങളുടെ അച്ഛനെയോ അമ്മയെയോ ഒക്കെ സ്മരിക്കാതിരിക്കും '. വെറുതെ എന്തിനാ വീട്ടിൽ ഇരുന്നു കാരണവന്മാർ തുമ്മുന്നത്.

നല്ലൊരു മഴക്കാലം 'എല്ലാവർക്കും' ഉണ്ടാകട്ടെ 😍😍😍

No comments:

Post a Comment